കൊല്ലം: ജില്ലയില്‍ ഒരു കഞ്ചാവ് ബീഡി പിടിച്ചാലും ഇപ്പോള്‍ ഓപ്പറേഷൻ തൂഫാന്റെ അക്കൗണ്ടില്‍. പക്ഷേ തൂഫാന് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ലഹരിവേട്ട പഴയപടി ഇല്ല. മാത്രമല്ല രാസലഹരി ഉള്‍പ്പെടെ ലഹരി മരുന്നു കടത്തു സംഘങ്ങളെക്കുറിച്ചു വിവരങ്ങള്‍ പോലീസിനു ലഭ്യമെങ്കിലും റെയ്ഡ് ഉള്‍പ്പെടെ ആ വഴിക്കുള്ള നടപടികള്‍ ഉണ്ടാകുന്നതുമില്ല.
ഓപ്പറേഷന് തൂഫാന് തുടങ്ങി ഇതുവരെ റൂറല്‍, സിറ്റി പോലീസ് ജില്ലകള്‍ക്കു കീഴില്‍ ഏകദേശം 400ഓളം കേസുകളും അത്രയും തന്നെ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് തൂഫാന് സംഘം അവകാശപ്പെടുന്നത്. എന്നാല്‍, തൂഫാന് ഉദ്ഘാടനം ചെയ്യും മുന്‍പും ഇതേ പോലെയുള്ള അറസ്റ്റുകളും നടന്നിട്ടുണ്ടത്രെ. കൊല്ലം റൂറല്‍ ജില്ലയില്‍ 10 ദിവസത്തില്‍ 177 കേസുകളില്‍ 181 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എന്നാല്‍, പിടികൂടിയത് 428 ഗ്രാം കഞ്ചാവും 16 കഞ്ചാവ് ചെടികളും മാത്രം. അതായത് പല കേസുകളും കുറഞ്ഞ അളവിലുള്ള കഞ്ചാവ് കൈവശം വച്ചതിനാണ് രജിസ്റ്റര്‍ ചെയ്തത്. സിറ്റി പോലീസിനു കീഴിലും സമാനമായ അളവിലുള്ള അറസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
തൂഫാന് ഹണ്ടില്‍ അറസ്റ്റിലായവരില്‍ കുറച്ചു പേര് ലഹരി ഉപയോഗിക്കുന്ന അതിഥി തൊഴിലാളികളാണ്. അവര്‍ക്കു പുകയില ഉത്പന്നങ്ങളും പാന്‍ മസാലയും വില്‍ക്കുന്ന കടകളില്‍ പരിശോധന നടന്നില്ല.
അസമില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ട്രെയിനുകളുടെ ബോഗിയുടെ വശങ്ങളിലെ ഭാഗങ്ങള്‍ പൊളിച്ച് അതിലാണ് ലഹരി പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതെന്ന് നേരത്തേ തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ കാര്യമായ പരിശോധനകള്‍ തൂഫാന്റെ ഭാഗമായി നടക്കുന്നില്ല. സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുകയോ ലഹരി വസ്തുക്കളുമായി ബൈക്കുകളില്‍ ചീറിപ്പായുന്നവരെ തടയാനും നടപടിയില്ല.
ഈ രംഗത്തു സജീവമായുള്ളവരെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി അതുവഴി പിന്തുടരാനും നടപടിയില്ല. സംസ്ഥാനാന്തര സ്വകാര്യ ബസുകളിലും ട്രെയിനുകളിലുമാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജില്ലയില്‍ എത്തിച്ച് ചില്ലറ വിപണനക്കാര്ക്കു കൈമാറുന്നത്. ജനത്തിരക്കില്ലാത്ത സ്ഥലങ്ങളിലെ ഭിത്തിയിലെ സുഷിരങ്ങളിലും മറ്റു ലഹരി പദാര്‍ഥം ഒളിപ്പിക്കുന്ന (ഡ്രോപ് പോയിന്റ്) രീതിയാണ് ഇപ്പോള്‍ ലഹരി മാഫിയ ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഡ്രോപ് പോയിന്റ് കണ്ടെത്താനുള്ള കാര്യമായ പരിശോധനകള്‍ നടന്നിട്ടില്ല.
പെണ്‍കുട്ടികളെ മറയാക്കുന്നു
ബസിലും ട്രെയിനിലും പെണ്‍കുട്ടികളെ ലഹരി കടത്തിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നുവെന്ന വിവരം പോലീസിനു ലഭിച്ചുവെങ്കിലും ഇതുവരെയും നടപടി ഇല്ല. കോളജ് ബാഗുമായി ലഹരി കടത്തുന്ന ഇത്തരക്കാരെ പരിശോധിക്കാന്‍ പോലീസ് ശ്രമിക്കില്ലെന്ന വിശ്വാസത്തിലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. ട്രെയിനുകളിലെത്തുന്ന ‘കാരിയര്‍മാര്‍' പ്രധാന സ്റ്റേഷനുകളില്‍ ഇറങ്ങാതെ സ്റ്റേഷനുകള്‍ക്ക് അല്പം മാറി ട്രെയിനില്‍ നിന്നു തന്നെ ലഹരി വസ്തുക്കള്‍ വലിച്ചെറിയുന്നുവെന്നും ഈ ലോക്കേഷന്‍ കൈമാറുന്നതനുസരിച്ച് പിന്നീട് ലഹരിസംഘത്തില്പ്പെട്ടവര് സ്ഥലത്തു പോയി എടുക്കുന്നതുമാണ് പുതിയ രീതിയെന്നാണ് പോലീസിനു ലഭിച്ച വിവരങ്ങള്‍.
കസ്റ്റഡിയിലെടുത്ത പലരുടെയും മൊബൈലില്‍ നിന്ന് ഇത്തരം ‘സ്പോട്ട് ലൊക്കേഷനുകള്‍ ' കണ്ടതോടെയാണ് പുതിയ രീതിയെക്കുറിച്ച് പോലീസിനു മനസിലാകുന്നത്.
പുതിയ തന്ത്രവുമായി ലഹരി സംഘം
ഓപ്പറേഷന് തൂഫാനുമായി പോലീ സ് സജീവമായതോടെ പോലീസിനെ കബളിപ്പിക്കുന്ന പുതിയ തന്ത്രവുമായി ലഹരി സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ പോകുന്നവരുടെയും വലിയ തോതില്‍ കഞ്ചാവ് ശേഖരിക്കാന്‍ ആന്ധ്രയിലേക്കും ഒഡിഷയിലേക്കും പോകുന്നവരെക്കുറിച്ചു ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ലഹരി വാങ്ങി തിരികെയെത്തുമ്പോള്‍ പിടികൂടുന്നത്. രണ്ടാഴ്ചയായി പുതിയ തന്ത്രം പരീക്ഷിച്ച് പോലീസിന്റെ ശ്രദ്ധ തിരിക്കുകയാണ് ലഹരിയുടെ വന്‍കിട വ്യാപാരികളും കടത്തുസംഘത്തിലെ ഉന്നതരും.
ഇവിടെ നിന്ന് ഒരാള്‍ പോകുകയും ഈ വിവരം പോലീസിനു ലഭിക്കുന്ന തരത്തില്‍ ചോര്‍ത്തുകയും ചെയ്യും. ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തു കാത്തിരിക്കുന്ന പോലീസിനു വെറും കൈയോടെ തിരികെ വരുന്നയാളെയാണ് കിട്ടുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത ഒരാളെ കൂടെ കൊണ്ടുപോയി ഇയാള്‍ ലഹരി വേറെ വഴിയിലൂടെ കടത്തുന്നതുമാണ് രീതി. പോലീസിനു ഫോണ്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നയാള്‍ കൊല്ലത്ത് വെറും കൈയോടെയെത്തുമ്പോള് ലഹരി വസ്തുക്കളുമായി മറ്റൊരാള്‍ ചെങ്ങന്നൂരിലോ കൊച്ചിയിലെ ട്രെയിനിലെത്തും. ഇവിടെ നിന്നു ബൈക്കില്‍ കൊല്ലത്തെത്തിക്കാന്‍ വേറെ സംഘവുമുണ്ടാകും.
ഇരകളെ ഇട്ടുകൊടുക്കും
പ്രതികളെ പോലീസിനു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത് മാഫിയസംഘം തന്നെയാണ്. പുതിയതായി എത്തുന്നവരെ ഒറ്റി കൊടുത്തിട്ടു ഇതിന്റെ മറവിൽ ധാരാളം മരുന്ന് കടത്ത് സംഘം നടത്തും. പോലീസിനു സൂചന കൊടുക്കുന്നതും ഈ സംഘം തന്നെയാണ്. പിടിക്കപ്പെട്ടവരെ രക്ഷിക്കാനും സംഘം തന്നെ രംഗത്തിറങ്ങും. ഓരോ സ്റ്റേഷനിന്റെ കീഴിലുള്ള മാഫിയ, ലഹരിക്കടത്ത് സംഘത്തെ കുറിച്ചു കൂടുതൽ അറിയാവുന്നത് ഇവിടെയുള്ള പോലീസുകാർക്കു തന്നെയാണ്. മാറി മാറി വരുന്നസ്റ്റേഷൻ ഓഫീസർമാർക്ക് ഇതൊന്നും അറിയാൻ കഴിഞ്ഞെന്നുവരില്ല.
വിവരങ്ങള്‍ കൈമാറാം
കേരള പോലീസിന്റെ ‘പോള്‍' ആപ് ഡൗണ്‍ലോഡ് ചെയ്ത് അതിലെ ഷെയര്‍ ഇന്‍ഫര്‍മേഷന്‍ അനോനിമെസ്ലി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് വിവരങ്ങള്‍ രഹസ്യമായി കൈമാറാം.